എറണാകുളം: കൊവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് എറണാകുളം മെഡിക്കൽ കോളേജിന്‍റെ പരിശ്രമം. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിറ്റോണാവീർ (Ritonavir), ലോപിനാവിർ (lopinavir) എന്നീ മരുന്നുകൾ കൊവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന വിലയിരുത്തലിലാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ.
കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ഐസലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച രാത്രിയോടെയാണ് രോഗിയുടെ അനുമതിയോടെ മരുന്ന് നൽകിത്തുടങ്ങിയത്. ന്യൂമോണിയ ബാധിച്ച രോഗിയ്ക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് മുൻകയ്യെടുത്താണ് മരുന്ന് ലഭ്യമാക്കിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ നടത്തുന്നത്.
ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ.ഗീത നായർ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് റിറ്റോണാവീർ(Ritonavir), ലോപിനാവിർ(lopinavir) എന്നിവ കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി തേടിയാണ് മരുന്ന് നൽകുന്നതെന്നും അവർ വ്യക്തമാക്കി.