എറണാകുളം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എറണാകുളത്തെ ആറ് വാർഡുകളിലേക്കാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് തെരെഞ്ഞെടുപ്പ്.
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗണ്‍ 17-ാം വാർഡിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. 19 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു യുഡിഎഫ് അംഗം രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. ജനവിധി അനുകൂലമായാൽ യുഡിഎഫിന് ഭരണം നിലനിർത്താൻ കഴിയും. മറിച്ചാണെങ്കിൽ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് ലഭിക്കും.
കൊച്ചി കോര്‍പറേഷനിലെ ഡിവിഷന്‍ 62ലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഈ ഡിവിഷൻ കോൺഗ്രസിൽ നിന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തിരുന്നു. ബിജെപി പ്രധിനിധിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് തിരിച്ച് പിടിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം.
ALSO READ: കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ഇന്ന്
തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്(11), പിഷാരികോവില്‍(46) എന്നീ വാര്‍ഡുകളിലേക്കും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി(11), വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂര്‍(6), എന്നീ വാർഡുകളിലേക്കുമാണ് നടക്കുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോളിങ് കുറയുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും. തെരെഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ വരുന്ന കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധിയാണ്.