എറണാകുളം: കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍റെ സമ്പർക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്‌ജി ക്വാറന്‍റൈനിൽ പ്രവേശിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ക്വാറന്‍റൈനിൽ പ്രവേശിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ എത്തി കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഈ രേഖകൾ ജഡ്ജി പരിശോധിച്ചിരുന്നു. ഇതോടെയാണ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിലായ ജസ്റ്റിസ് സുനിൽ തോമസ് ക്വാറന്‍റൈനിൽ പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ വിജിലൻസ് ഓഫിസിലും എത്തിയതിനെതുടർന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അടക്കമുള്ളവരും ക്വാറന്‍റൈനിൽ പ്രവേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച കളമശ്ശേരി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനൊപ്പം ജോലി ചെയ്ത പൊലീസുകാരനാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ പ്രദേശമായ വെങ്ങോല ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി 12 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. എറണാകുളം ജില്ലയിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 115 ആയി ഉയർന്നു.