എറണാകുളം: ജില്ലയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്‌ടർ എസ്.സുഹാസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടന്നും സംസ്ഥാന സർക്കാർ ദുരന്തനിവാരണ അതോറിറ്റി വഴി നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്‌ടർ പറഞ്ഞു. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വാണിജ്യ മേഖലയായ കൊച്ചിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരും. കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ഐസിയു സൗകര്യങ്ങളും തയ്യാറാക്കി. കൂടാതെ, കൊവിഡ് ഫസ്റ്റ് ലൈൻ, സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജ്ജമാണെന്നും നിലവിലുള്ള വെല്ലുവിളി നേരിടാൻ എറണാകുളം ജില്ലയ്ക്ക് കഴിയുമെന്നും കലക്ടർ എസ്.സുഹാസ് വ്യക്തമാക്കി.