എറണാകുളം: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുക. നാണയം ആമാശയത്തിലെ എത്തിയിരുന്നതായി എക്‌സ് റേ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാകുമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ശനിയാഴ്ച രാവിലെയാണ് കളിക്കുന്നതിനിടെ കുഞ്ഞ് നാണയം വിഴുങ്ങിയത്. കുഞ്ഞിനെ ഉടന്‍ ആലുവ താലൂക്കാശുപത്രിയില്‍ എത്തിച്ചു. എക്സറേ പരിശോധിച്ചപ്പോള്‍ നാണയം വയറിലെത്തിയെന്ന് കണ്ടെത്തിയിട്ടും ചികിത്സ നൽകാതെ കുഞ്ഞിനെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ വൈകിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്ന് അറിയിച്ച് തിരിച്ചയച്ചു. വീട്ടിലെത്തിയ കുഞ്ഞിന്‍റെ നില പിന്നീട് ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാരുടെ വാദം.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇന്നലെ തന്നെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഞ്ഞിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. അതേസമയം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.