കൊച്ചി: ഭൂമി ഇടപാടിൽ കർദിനാളിനെതിരെ വൈദികർ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ സഭയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കണമെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി. എതിർക്കുന്നവരോടും സ്നേഹത്തോടെ ഇടപെടണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. കാക്കനാട് സിറോ മലബാർ ആസ്ഥാനത്ത് സഭാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ കർദിനാൾ ജോർജ്ജ് ആലഞ്ചേരി ഏറ്റെടുത്തതിനെതിരെ, അതിരൂപതയിലെ വൈദികർ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ സഭാ ദിനാചരണം സംഘടിപ്പിച്ചത്. എന്നാൽ വിവാദങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറയാനോ, എതിർക്കുന്നവർക്കെതിരെ വിമർശനങ്ങൾ ഉയർത്താനോ കർദിനാൾ തയ്യാറായില്ല. സഭയിലെ പ്രശന്ങ്ങളെല്ലാം പരിഹരിക്കപെടും, പ്രതീക്ഷയാണ് മുന്നോട്ട് നയിക്കുന്നത്. ഐക്യത്തിനെതിരെ ആരും പ്രവർത്തിക്കരുതെന്നും കർദിനാൾ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.
സഭാദിന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ വിജയാനന്ദ് നെടുംപുറം എന്നീ പിതാക്കന്മാര്‍ പങ്കെടുത്തു. അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സഭാദിന സന്ദേശം നല്‍കി. സഭയിലും സമൂഹത്തിലും ചെയ്ത നിസ്തുല സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് കോതമംഗലം രൂപതാംഗമായ മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തച്ചന് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് നല്‍കുന്ന വൈദികരത്നം പുരസ്‌കാരവും പ്രൊഫ. മാത്യു ഉലകംതറയ്ക്ക് സഭാതാരം പുരസ്‌കാരവും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊതുസമ്മേളനത്തില്‍ വിതരണം ചെയ്തു. കർദിനാളിനെതിരെ നിസഹകരണം പ്രഖ്യാപിക്കുകയും, അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏറ്റെടുത്തതിനെതിരെ വൈദികർ പ്രതിഷേധിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കാൻ കർദിനാൾ തയ്യാറായില്ല. നാനൂറിൽ പരം വൈദികരുള്ള എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും, വിരലിലെണ്ണാവുന്ന വൈദികരും മാത്രമാണ് സഭാദിനാചരണ ചടങ്ങിൽ പങ്കെടുത്തത്.