എറണാകുളം : ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കം രൂക്ഷമാകുന്നു. പുതിയ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിശ്വാസികളിലൊരു വിഭാഗം തടഞ്ഞുവെച്ച് ചോദ്യം ചെയ്‌തു. കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിൽവച്ചായിരുന്നു സംഭവം.
ആൻഡ്രൂസ് താഴത്തിന്‍റെ കാല് തല്ലിയൊടിക്കുമെന്നും ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ വിളിച്ച് പറയുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കേൾക്കാൻ കഴിയും. മുൻ മെട്രോപോലിറ്റൻ വികാരി ആന്‍റണികരിയിലിനെ ഭീഷണിപ്പെടുത്താൻ ബിഷപ്പ് ഗുണ്ട നേതാവാണോയെന്നും വിമത വിഭാഗം വിശ്വാസികൾ ചോദിച്ചു. ആന്‍റണി കരിയിൽ തന്‍റ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണം പിൻവലിക്കാൻ ആൻഡ്രൂസ് താഴത്ത് സമ്മർദ്ദം ചെലുത്തിയെന്നാണ് വിമത വിഭാഗം ആരോപിച്ചത്
ബിഷപ്പ് ഹൗസിൽ നിവേദനം നൽകാനെത്തിയ വേളയിലായിരുന്നു വിശ്വാസികൾ ബിഷപ്പിനെ ചോദ്യം ചെയ്‌തത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടര്‍ന്ന് വന്ന കുര്‍ബാന പരിഷ്‌കരണ തര്‍ക്കങ്ങള്‍ എന്നിവയ്‌ക്കൊക്കെ തുടര്‍ച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത്. സിനഡിന്‍റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു നടപടി.അതിനു ശേഷമാണ് അപ്പോസ്‌തലിക് അഡ്‌മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്.
അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നേരിട്ടെത്തി ചോദ്യം ചെയ്‌തത്. വിശ്വാസികളുടെ വൈകാരികമായ തനിക്കെതിരായ പ്രകടനത്തെ ശാന്തനായാണ് ബിഷപ്പ് സ്വീകരിച്ചത്. ഇതെല്ലാം സിനഡിനെ അറിയിക്കാമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.