എറണാകുളം: ആലങ്ങാടിന് സമീപം പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. പെൺകുട്ടി ഒന്നിലധികം തവണ പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൻ ആലുവ വെസ്‌റ്റ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും, സ്‌കൂൾ അധികൃതരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
ALSO READ: Chengalpattu Encounter: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു
പെൺകുട്ടി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സംശയമുണ്ടെന്ന് സ്‌കൂൾ അധികൃതർ മൊഴി നൽകിയെന്നാണ് സൂചന. ഡിസംബർ 23നാണ് വെളിയത്തുനാട് അടുവാതുരുത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയത്. തലേദിവസം സ്‌കൂളിൽ പോയ പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് പെരിയാറിൽ തടിക്കാവ് പാലത്തിന് സമീപത്തു നിന്ന് മൃതദേഹം ലഭിച്ചത്.