എറണാകുളം: വിവാദ ദല്ലാൾ നന്ദകുമാറിനൊപ്പം സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ തുടങ്ങിയതിന്‍റെ അടുത്ത ദിവസമാണ് കൊച്ചിയിലെ ചടങ്ങിൽ ഇ പി ജയരാജന്‍ പങ്കെടുത്തത്. ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് സിപിഎമ്മിനെ വെട്ടിലാക്കി.
നന്ദകുമാർ ട്രസ്റ്റ് ചെയർമാനായ കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തില്‍ എത്തിയാണ് ജയരാജൻ നന്ദകുമാറിൻ്റെ അമ്മയെ ആദരിച്ചത്. പിന്നീട് ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ജന്മദിനാഘോഷ ദിവസം എത്താൻ കഴിയാത്തതിനാലാണ് ഇന്ന് വന്നതെന്ന് നന്ദകുമാറും അത് ശരിവച്ച് ഇ പി ജയരാജനും സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് നന്ദകുമാറിന്‍റെ അമ്മയുടെ ആരോഗ്യ വിശേഷങ്ങൾ ഇ പി ജയരാജൻ അന്വേഷിക്കുന്നതും കേൾക്കാം.
വിവാദ ദല്ലാൾ നന്ദകുമാറും കുടുംബവുമായി ഇ പി ജയരാജന്‍റെ അടുപ്പം വ്യക്തമാക്കുന്നതാണ് ഈ ദൃശ്യം. ഇ പി ജയരാജനൊപ്പം പ്രൊഫ കെ വി തോമസും ഉണ്ടായിരുന്നു. അതേസമയം കെ വി തോമസ് ജന്മദിനാഘോഷ ദിവസവും എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ഇ പി ജയരാജനൊപ്പം വീണ്ടും എത്തുകയായിരുന്നു.
സിപിഎം ജാഥയിലെ ഇടതുമുന്നണി കൺവീനറുടെ അസാന്നിധ്യം ചർച്ചയാകുന്നതിനിടയിലാണ് ഇ പി ജയരാജൻ നന്ദകുമാറിന്‍റെ വീട്ടിലെത്തിയ ദൃശ്യം പുറത്ത് വന്നത്. വിഷയത്തിൽ രാഷ്‌ട്രീയമായ വിമർശനങ്ങൾ ശക്തമാകും എന്ന് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറി ജാഥ നടത്തുന്നതിനിടെ ഉയർന്നുവന്ന പുതിയ വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.
റിസോർട്ട് വിവാദത്തെ തുടർന്ന് പാർട്ടിയുമായി ഇ പി ജയരാജൻ അകന്നു നിൽക്കുന്നു എന്നത് ശരിവയ്‌ക്കുന്നതാണ് പാർട്ടി ജാഥയിൽ പങ്കെടുക്കാതെയുള്ള ഈ സ്വകാര്യ സന്ദർശനം. അതോടൊപ്പം വിവാദ ദല്ലാളുമായി ഇ പി ജയരാജനുള്ള അടുത്ത ബന്ധത്തിനുള്ള തെളിവ് കൂടിയാണ് ഈ സന്ദർശനം. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്ര ട്രസ്റ്റ് ചെയർമാനാണ് വിവാദ ദല്ലാൾ നന്ദകുമാർ. ലാവ്‌ലിൻ കേസിൽ നന്ദകുമാർ ഇടപെട്ടുവെന്ന് ആരോപണമുയർന്നിരുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്ക് വേണ്ടി നന്ദകുമാർ ഇടപ്പെട്ടുവെന്നും ആരോപണം ഉണ്ട്.