എറണാകുളം: കോടതി രേഖകളില്‍ ഇംഗ്ലീഷ് പരിഭാഷ വേണമെന്ന ഉത്തരവില്‍ വ്യക്തത വരുത്തി ഹൈക്കോടതി. കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ക്കൊപ്പം പരിഭാഷ കൂടി നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവില്‍ ജസ്‌റ്റിസ് അമിത് റാവലാണ് വ്യക്തത വരുത്തിയത്. രേഖകള്‍ക്കൊപ്പം ഇംഗ്ലീഷ് പരിഭാഷ കൂടി വേണമോയെന്ന കാര്യത്തില്‍ കേസ് പരിഗണിക്കുന്ന ജഡ്‌ജിക്ക് യുക്തമായ തീരുമാനമെടുക്കാമെന്നാണ് പുതിയ നിര്‍ദേശം.
എന്നാല്‍ പരിഭാഷ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അഭിഭാഷകൻ അപേക്ഷ നൽകിയാൽ കോടതി ഇക്കാര്യം പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ രണ്ട് ജഡ്‌ജിമാര്‍ വ്യത്യസ്‌ത ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് ഇംഗ്ലീഷ് പരിഭാഷ നിര്‍ബന്ധമാണെന്നായിരുന്നു ജസ്റ്റിസ് റാവലിന്‍റെ നേരത്തെയുള്ള ഉത്തരവിലെ നിര്‍ദേശം.
ഇത്തരത്തില്‍ പരിഭാഷയില്ലാതെ ലഭിക്കുന്ന രേഖകള്‍ സ്വീകരിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കോടതിയിൽ സമർപ്പിക്കുന്ന രേഖകൾക്ക് ഇംഗ്ലീഷ് പരിഭാഷ നിർബന്ധമില്ലെന്നും പരിഭാഷയില്ലാത്ത രേഖകൾ രജിസ്ട്രി സ്വീകരിക്കുമെന്നും പറഞ്ഞുള്ള ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണന്‍റെ ഉത്തരവാണ് ആശയക്കുഴപ്പത്തിന് കാരണമായത്. വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന സത്യവാങ്‌മൂലം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥ വ്യത്യാസം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.