എറണാകുളം: കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാവേലിയിലെ ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടമിറങ്ങി നിരവധി കർഷകരുടെ മഞ്ഞളും, വാഴയും, റബറുമടക്കമുള്ള കൃഷി നശിപ്പിച്ചത്.
എൽദോസ് അറാക്കുടിയുടെ മഞ്ഞൾ കൃഷി ചവിട്ടി നശിപ്പിച്ച കാട്ടാനക്കൂട്ടം ജോസ് വട്ടക്കുടിയുടെ അമ്പതോളം കുലച്ച് തുടങ്ങിയ വാഴകൾ തിന്നും ചവിട്ടിയും നശിപ്പിച്ചു. റബർ തൈകൾ വളച്ചൊടിച്ചും ചെറിയ തൈകൾ പിഴുതെടുത്ത് തിന്നുമാണ് ആനകൾ നശിപ്പിച്ചത്. കൂടാതെ ബേസിൽ പോൾ അറാക്കുടിയുടെ രണ്ട് മാസം പ്രായമെത്തിയ 20 ഓളം റബർ തൈകളും നശിപ്പിച്ചിട്ടുണ്ട്.
പാലിയത്തു മോളേൽ ജോർജ്, പാലിയത്തു മോളേൽ പീറ്റർ, മടത്തുംപാറ റെന്നി എന്നീ കർഷകരുടെ രണ്ട് വർഷം പ്രായമെത്തിയ നൂറോളം റബർ തൈകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ നഷ്‌ട പരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനശല്യം കൊണ്ട് പ്രദേശവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.