എറണാകുളം : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യംവച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്തേക്കും. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയുമായ എം.ശിവശങ്കറും സ്വപ്‌നയുമായി നടത്തിയ വാട്ട്സ്‌ആപ്പ് ചാറ്റിൽ സി.എം രവീന്ദ്രനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സി.എം രവീന്ദ്രനും സ്വപ്‌ന സുരേഷും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഇഡി പരിശോധിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞിരുന്നു. ഇത് കാര്യങ്ങളെല്ലാം സി.എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലാണ് ഇ.ഡിയെ എത്തിച്ചത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് എൻഫോഴ്സ്മെന്‍റ്. സ്വപ്‌നയുമായി വ്യക്തിപരമായ ചാറ്റുകളും, സംസ്ഥാനത്തിന് പ്രളയ സഹായം ആവശ്യപ്പെട്ടുള്ള ആശയവിനിമയവുമാണ് രവീന്ദ്രൻ നടത്തിയത്.
ലൈഫ് മിഷനും റെഡ് ക്രസന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.എം രവീന്ദ്രൻ നടത്തിയ ചാറ്റിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. അതേസമയം, സി.എം രവീന്ദ്രനെ വീണ്ടും വിളിച്ച് വരുത്തി ഇ.ഡി ചോദ്യം ചെയ്യാനാണ് സാധ്യത. നേരത്തെ 2020ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സി. എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി പതിമൂന്ന് മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ അന്ന് ചോദ്യം ചെയ്‌തത്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയുള്ള പ്രതിപക്ഷ പ്രചാരണത്തിനിടയാക്കിയിരുന്നു.
ഒരിക്കൽ കൂടി സി.എം രവീന്ദ്രനിലേക്ക് ഇ.ഡി അന്വേഷണമെത്തുമ്പോൾ മുഖ്യമന്ത്രിയെ ഉൾപ്പടെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രതിപക്ഷ വിമർശനങ്ങൾ ഉയരാനാണ് സാധ്യത.