എറണാകുളം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്‌ച (09.02.2022) രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്‌ന സുരേഷ് കേസിലെ മറ്റൊരു പ്രതിയായ എം.ശിവശങ്കറിനെതിരെ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ശിവശങ്കറിന്‍റെ ആത്മകഥയ്‌ക്കതിരെ മാധ്യമങ്ങളിലൂടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഇഡി വീണ്ടും അന്വേഷണം തുടങ്ങുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്ന ശബ്‌ദരേഖ പുറത്ത് വിട്ടതിന് പിന്നിൽ എം. ശിവശങ്കറായിരുന്നു എന്നാണ് സ്വപ്‌നയുടെ ആരോപണം. ഇഡി കസ്റ്റഡിയിലിരിക്കെ ശബ്‌ദം റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയും ഇഡി അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞത് ആസൂത്രിതമായിരുന്നെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
അതേസമയം സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ എം.ശിവശങ്കർ ഇടപെട്ടിരുന്നതായും ശിവശങ്കറിന് കുരുക്കാവുന്ന നിരവധി കാര്യങ്ങളുണ്ടെന്നും താൻ അതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും, തനിക്ക് അറിയുന്നതെല്ലാം എം.ശിവശങ്കറിനും അറിയാമെന്നും സ്വപ്‌ന മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇഡി കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഇഡി രജിസ്റ്റർ ചെയ്‌ത കളളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്‌നയ്ക്ക് വിചാരണ കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം എം.ശിവശങ്കറിന് ഈ കേസിൽ ഹൈക്കോടതിയായിരുന്നു ജാമ്യം നൽകിയത്.