എറണാകുളം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇ.ഡിക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ്. ഇഡിയുടെ ഹർജിക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഇ.ഡി സമർപ്പിച്ച ഹർജിയിലാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.
സ്വപ്‌ന ഇഡിയുടെ കസ്റ്റഡിയിലിരിക്കെ നൽകിയ മൊഴിക്ക് നിയമത്തിന്‍റെ പിൻബലമില്ലെന്നും സർക്കാർ എതിർ സത്യാവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. ഇഡി രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ അഭിഭാഷകന് കൈമാറി ഹൈക്കോടതിയിൽ ഹർജി നൽകിയത് നിയമ വിരുദ്ധമാണ്. അന്വേഷണം അട്ടിമറിക്കാൻ ശിവശങ്കർ സർക്കാർ സംവിധാനം ഉപയോഗിക്കുന്നുവെന്ന ഇഡിയുടെ വാദം പൊള്ളത്തരമാന്നെന്നും സർക്കാർ വ്യക്തമാക്കി.