എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ (Karuvannur Bank Scam) സിപിഎം നേതാവും എംഎല്‍എയുമായ എസി മൊയ്‌തീന് വീണ്ടും നോട്ടിസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിന് സെപ്‌റ്റംബര്‍ നാലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടിസ്. 10 വര്‍ഷത്തെ നികുതി രേഖകളുമായി രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് നിര്‍ദേശം (ED Notice To AC Moideen Again).
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇന്ന് (ഓഗസ്റ്റ് 31) ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാനായിരുന്നു നേരത്തെ നിര്‍ദേശിച്ചത്. എന്നാല്‍ ഇഡി ഹാജരാക്കാന്‍ നിര്‍ദേശിച്ച രേഖകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും നോട്ടിസ് നല്‍കിയത്.
അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ബിനാമികളാണെന്ന് ഇഡി സംശയിക്കുന്ന ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം എ.സി മൊയ്‌തീനെ ചോദ്യം ചെയ്യാനായിരുന്നു ഇഡി നീക്കം. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമായിരിക്കും എസി മൊയ്‌തീനെ കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേസുമായി ബന്ധപ്പെട്ട് എസി മൊയ്‌തീന്‍റെ വീട്ടില്‍ 22 മണിക്കൂര്‍ ഇഡി പരിശോധന (ED raid in AC Moideen's house) നടത്തുകയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ ഉന്നയിച്ചത്. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഓഗസ്റ്റ് 22നാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അഞ്ചിടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്. എ.സി മൊയ്‌തീന്‍, കിരൺ പി പി, റഹീം സിഎം, ഷിജു എംകെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്. പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു.
എ.സി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ.ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുണ്ട്.
പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് കേസിൽ, നേരത്തെ എ.കെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എ.സി മൊയ്‌തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടാമതും ഇഡി നോട്ടിസ് നൽകിയത്.