തൃശൂർ : പീച്ചി ഡാം റിസര്‍വോയറിൽ വീണ നാല് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന(16) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു മരണം. വെള്ളത്തിൽ വീണ് പരിക്കേറ്റ മറ്റു മൂന്നു കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), ഐറിന്‍(16), പീച്ചി സ്വദേശി നിമ(12) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പീച്ചി ഡാമിൻ്റെ റിസർവോയറിൽ കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകടത്തിൽപ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആൻ ഗ്രേസും ഐറിനും അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാൾ കൂടുന്നതിന് എത്തിയതാണ്.
പാറയില്‍ ചവിട്ടി, കാല്‍വഴുതി 30 അടി താഴ്‌ചയിലേക്ക് : പാറയില്‍ കാല്‍വഴുതിയാണ് രണ്ടു പെണ്‍കുട്ടികള്‍ റിസര്‍വോയറിലേക്ക് വീണത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുരണ്ടു കുട്ടികളും വീണു. കരയില്‍ നിന്നിരുന്ന ഹിമയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി നാലുപേരെയും പുറത്തെത്തിച്ചത്.
30 അടിയോളം താഴ്‌ചയിലേക്കാണ് കുട്ടികള്‍ വീണത്. കുത്തനെയുള്ള ചെരിവിലൂടെ കുട്ടികളെ തോളില്‍ ചുമന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സിന് അടുത്തെത്തിച്ചത്. അതിവേഗം നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടികളില്‍ ഒരാള്‍ക്ക് ബോധം ഉണ്ടായിരുന്നു.
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍റെയും സിജിയുടെയും മകളാണ് മരിച്ച അലീന. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അലീന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also Read: സ്വകാര്യ ചാനലിലെ ക്യാമറമാനും യുവതിയും തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ