എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് (ED Notice To Thomas Isaac). ഈ മാസം ഇരുപത്തിരണ്ടിന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചാണ് തീയതി പുതുക്കി നിശ്ചയിച്ച് പുതിയൊരു നോട്ടീസ് അയച്ചത്.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം.കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു.
വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ വിദേശ നാണ്യ വിനിമയ നിയമം ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം.
2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക്ക് ആരോപിക്കുന്നത്. ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇ ഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു.
വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടീസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ സമൻസ് അയച്ചത്.