എറണാകുളം: കിഫ്ബിയുടെ മസാല ബോണ്ടിനെ കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിശദാംശങ്ങൾ തേടി ഇ.ഡി ആർബിഐയ്ക്ക് കത്ത് നൽകി. സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബി മസാല ബോണ്ട് വിവാദങ്ങൾക്കിടെയാണ് സംസ്ഥാന സർക്കാർ വാങ്ങിയ മസാല ബോണ്ടുകൾ സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇഡി കടന്നത്.
കിഫ്ബിയുടെ വായ്‌പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് സിഎജി വ്യക്തമാക്കിയിരുന്നു. സിഎജി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ എഴുതിച്ചേർത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നുമാണ് സർക്കാരിന്‍റെ നിലപാട്. മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി ആർബിഐയിൽ നിന്നും വിവരങ്ങൾ തേടിയത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ 7.23 ശതമാനം പലിശയ്ക്ക് സംസ്ഥാന സർക്കാർ വാങ്ങിയിരുന്നു. ഇതിനിടെയാണ് ആർബിഐ അനുമതിയില്ലാതെ കിഫ്ബി വഴി വായ്‌പ എടുക്കാൻ പാടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കിയത്. എന്നാൽ ആർബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
വിദേശ വിപണിയിൽ നിന്നും സംസ്ഥാന സർക്കാരിന് ഫണ്ട് ശേഖരിക്കാനാവുമോയെന്നും ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസിൽ തുടങ്ങി ലൈഫ് മിഷൻ, കെ ഫോൺ അടക്കം സംസ്ഥാന സർക്കാരിന്‍റെ പല അഭിമാന പദ്ധതികളിലും ഇപ്പോൾ കേന്ദ്ര ഏജൻസികൾ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് കിഫ്ബിയെക്കുറിച്ചും അതിന്‍റെ പ്രധാന വരുമാനമാർഗമായ മസാല ബോണ്ടിനെക്കുറിച്ചും ഇഡി അന്വേഷണം തുടങ്ങിയത്.