എറണാകുളം: യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. നിലവിൽ സന്തോഷ് ഈപ്പനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. സന്തോഷ് ഈപ്പനെ ഇ.ഡി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും. 1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കസ്റ്റംസ് കേസിൽ സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന പദ്ധതി ക്രമക്കേടിൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ പ്രതിയാണ്. ഈ കേസിൽ സന്തോഷ് ഈപ്പനെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.