എറണാകുളം: ജില്ലയിൽ ഏഴാമത് സാമ്പത്തിക സെൻസസിന്റെ വിവരശേഖരണം ആരംഭിച്ചു. ജില്ലാ കലക്‌ടർ എസ്.സുഹാസിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. സാമ്പത്തിക സംരംഭങ്ങൾ നടത്തുന്ന മുഴുവൻ കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്തും . കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയമാണ് സെൻസസ് നടത്തുന്നത്.
ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഇ-ഗവേണൻസ് ഇന്ത്യ ലിമിറ്റഡിനാണ് സെൻസസ് നടത്തിപ്പിനുള്ള ചുമതല. കാർഷികേതര മേഖലയിൽ ഉൾപ്പടെ സ്വന്തം ഉപയോഗത്തിനുള്ളതൊഴികെ എല്ലാ ചരക്ക് - സേവന ഉൽപാദന, വിതരണ സംരംഭങ്ങളുടെയും കണക്ക് ശേഖരിക്കുന്നുണ്ട്. പേര്, വിലാസം, ഫോൺ നമ്പർ, കുടുംബാംഗങ്ങളുടെ എണ്ണം, സാമ്പത്തിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവ സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കും. വിവരശേഖരണം, മൂല്യനിർണയം, റിപ്പോർട്ട് തയാറാക്കൽ, പ്രചരണം എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ഉപയോഗിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ സിൻസി മോൾ ആന്‍റണി, ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിറ്റിക്സ് റിസർച്ച് ഓഫീസർ കെ.എം. താഹിറ, സീനിയർ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ ജി. ബാലഗോപാൽ, ഇ-ഗവേണൻസ് സർവീസസ് ഇന്ത്യാ ലിമിറ്റഡ് ഡിസ്ട്രിക്ട് മാനേജർ ഹൈൻ മൈക്കിൾ, എന്യൂമറേറ്റർമാർ എന്നിവർ പങ്കെടുത്തു.