എറണാകുളം: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി വിവിധ കോളജുകളില്‍ താത്‌കാലിക അധ്യാപികയായി നിയമനം നേടിയ കേസില്‍ ഒളിവില്‍ കഴിയുന്ന കെ.വിദ്യയെ എത്രയും വേഗത്തില്‍ കണ്ടെത്തി പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ.സനോജ്. വിദ്യയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു.
പിടികിട്ടാപ്പുള്ളിയായി ദീര്‍ഘ കാലം വിദ്യയ്‌ക്ക് കഴിയാനാകില്ലെന്നും ഇത്രയും ദിവസമായിട്ടും വിദ്യയെ കണ്ടെത്താന്‍ കഴിയാത്തതില്‍ കേരള പൊലീസ് മോശക്കാരാണെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ലെന്നും വി.കെ സനോജ് പറഞ്ഞു. ആര്‍ഷോയുടെ കേസും വിദ്യയുടെ കേസും രണ്ടും രണ്ടാണ്. വ്യാജ രേഖ ചമച്ച കേസ് ഉള്‍പ്പെടെയുള്ള ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഇത്തരം വാർത്തകൾ ഒട്ടും ആശ്വാസകരമല്ലാത്തവയാണ്. കേസില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചില പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും വികെ സനോജ് വ്യക്തമാക്കി.
താന്‍ എഴുതാത്ത പരീക്ഷയില്‍ വിജയിച്ചുവെന്ന് ഫലം പ്രസിദ്ധീകരിച്ചതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആർഷോ പറയുന്നത്. സാങ്കേതിക പിഴവ് എല്ലാ കാലത്തും ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതൊന്നും വാർത്തയാകാറില്ലെന്നും. ഇത് കൃത്യമായി തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നുമാണ് ആര്‍ഷോ പറയുന്നത്. എസ്എഫ്ഐയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടന്നതെന്നാണ് വാദം. ഇങ്ങനെയെങ്കില്‍ ഇതിൽ അന്വേഷണം നടക്കട്ടെയെന്നും വി.കെ സനോജ് അഭിപ്രായപ്പെട്ടു.
കോളജുകളിലെ താത്‌കാലിക തസ്‌തികകളില്‍ അനർഹരായി ആരെങ്കിലും ഉണ്ടങ്കിൽ അവരെ കണ്ടെത്തണം. അനർഹരായ ഒരാളെയും നിയമിക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സനോജ് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും മെറിറ്റ് പാലിക്കപ്പെടണം. വിദ്യ തെറ്റു ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടുകയും വേണം. വിദ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്, വിദ്യയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വി.കെ സനോജ് പറഞ്ഞു.
കെ സുധാകരനെയും മോന്‍സണ്‍ മാവുങ്കലിനെയും കുറിച്ചുള്ള പ്രതികരണം: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിനെ അനുകൂലിച്ച് കെ.സുധാകരൻ നടത്തിയ പ്രസ്‌താവനകള്‍ അങ്ങേയറ്റം അപകടകരമാണെന്നും വി.കെ സനോജ് പറഞ്ഞു. കെ.സുധാകരന് മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം പുറത്ത് വന്ന സാഹചര്യത്തിൽ അങ്ങേയറ്റം വൈരുധ്യം നിറഞ്ഞ പ്രസ്‌താവനകൾ നടത്തി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞതാണ്. ആദ്യ ഘട്ടത്തിൽ ഇങ്ങനെയൊരാളെ പരിചയമേയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
എന്നാല്‍ പിന്നീട് ചികിത്സ സംബന്ധിച്ച കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ശിക്ഷിക്കപ്പെട്ട ഈ ഘട്ടത്തിൽ പറയുന്നത് അദ്ദേഹത്തോട് പ്രത്യേക ശത്രുത ഇല്ലെന്നാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ പാർലമെന്‍റ് അംഗം പരസ്യമായി ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി നികൃഷ്‌ഠനായ ഒരാളെ കുറിച്ച് അയാളോട് വിരോധമില്ലെന്ന് പറയുകയാണ്. ഇത് കേരളത്തിലെ കോൺഗ്രസിന്‍റെ അഭിപ്രായമാണോയെന്ന് അറിയാൻ താത്‌പര്യമുണ്ട്. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു.
കെ.സുധാകരൻ ഏല്‍പ്പിച്ച എന്ത് കാര്യമാണ് മോന്‍സണ്‍ ചെയ്‌തു കൊടുത്തതെന്ന് വ്യക്തമാക്കണം. ബലാത്സംഗ വീരനെ ന്യായീകരിക്കുന്നത് കേരളീയ സമൂഹം അതീവ ഗൗരവമായി കാണേണ്ടതുണ്ട്. കെ.സുധാകരനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.