എറണാകുളം : കൊച്ചിയില്‍ പുറം കടലിൽ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ സി ബി(നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) - നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. മൂവായിരത്തോളം കിലോ ലഹരിമരുന്നാണ് പിടികൂടിയതെന്ന് എൻ സി ബി അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സമുദ്രഗുപ്‌ത എന്ന പേരിൽ എൻ സി ബി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളാണ് പിടികൂടിയിട്ടുള്ളത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൻ സി ബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്.
ഇന്ത്യൻ നാവിക സേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമൈൻ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റെയും വിശകലനത്തിന്‍റെയും ഫലമായി മദർ കപ്പൽ നിരോധിത വസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി.
അതനുസരിച്ച് ഈ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നേവൽ കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്‌തു. തുടർന്ന് കടലിൽ പോകുന്ന ഒരു വലിയ കപ്പൽ നാവികസേന തടഞ്ഞു. ശേഷം നടത്തിയ തെരച്ചിലിൽ കപ്പലിൽ നിന്ന് 134 ചാക്ക് മെതാംഫെറ്റാമൈൻ കണ്ടെടുത്തു. കണ്ടെടുത്ത ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, തടഞ്ഞുനിർത്തിയ ബോട്ട്, മദർഷിപ്പിൽ നിന്ന് ലഭിച്ച മറ്റ് ചില വസ്‌തുക്കൾ എന്നിവ കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറുകയായിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും കടൽ വഴിയുള്ള കടത്ത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് എൻസിബി ഡയറക്‌ടർ ജനറൽ ഷായുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സമുദ്രഗുപ്‌ത് ആരംഭിച്ചത്. മയക്കുമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് കാരണമായേക്കാവുന്ന പ്രവർത്തനക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു സമുദ്രഗുപ്‌തിന്‍റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഡിആർഐ പോലുള്ള ഏജൻസികളിൽ നിന്ന് വിവരങ്ങൾ കൈമാറുകയും ശേഖരിക്കുകയും ചെയ്‌തു.
എ.ടി.എസ് ഗുജറാത്ത് ഇന്ത്യൻ നേവിയുടെ ഇന്‍റലിജൻസ് വിംഗ്, എൻ.ടി.ആർ.ഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളും സഹകരിച്ചാണ് മയക്കുമരുന്ന് പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.