എറണാകുളം: കോതമംഗലം പുഴകളുടെ നാടാണെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് കോതമംഗലം താലൂക്കിലെ കുട്ടമ്പുഴക്കാർ. കഴിഞ്ഞ അഞ്ച് മാസക്കാലമായി വെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണിവർ. തട്ടേക്കാട്-കുട്ടമ്പുഴ റോഡു നിർമാണം ആരംഭിച്ചതു മുതൽ കുട്ടമ്പുഴ മേഖലയിലാകെ ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. റോഡിനു വീതി കൂട്ടി നിർമാണം ആരംഭിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ നശിച്ചു. ടാറിംഗ് പൂർത്തിയാക്കിയ ചില പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും 16, 17 വാർഡുകളിലെ ജലവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ജലവിതരണ പൈപ്പുകൾ പൊട്ടുകയും അവ മണ്ണിനടിയിലാവുകയും ചെയ്തു. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ച് ജല വിതരണം പുനരാരംഭിച്ചെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 16, 17 വാർഡുകാർക്ക് വെള്ളം ഇതുവരെ ലഭിച്ചിട്ടില്ല. പഞ്ചായത്ത് ലോറിയിൽ വെള്ളമെത്തിച്ച് നൽകുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നില്ലെന്നും എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് ഭരണസമിതിക്ക് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നിരിക്കുകയാണെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.