എറണാകുളം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് പി ജി വിദ്യാർഥിയായിരുന്ന ഡോ. ഷഹനയുടെ മരണത്തിൽ പ്രതി റുവൈസിൻ്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീരണം തേടി (Dr Shahana death High Court sought an explanation from the government) ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. അതേ സമയം റുവൈസിൻ്റെ പിതാവ് അബ്‌ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് ഹർജിയിൽ റുവൈസിൻ്റെ ആരോപണം. പഠനത്തിന് ശേഷം ഷഹനയുടെയും റുവൈസിൻ്റെയും വിവാഹം നടത്താനാണ് കുടുബം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു.
ഇത് തനിക്ക് കഴിയില്ലെന്ന് പറഞ്ഞിരുന്നതായും റുവൈസിൻ്റെ ജാമ്യാപേക്ഷയിലുണ്ട്. റുവൈസിൻ്റെ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നീടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
റുവൈസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമമുൾപ്പെടെയുള്ള കുറ്റവും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റുവൈസിനെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസ് പുറത്തുവിട്ടിരുന്നു.
ഈ മാസം നാലാം (ഡിസംബർ 4) തീയതി രാത്രിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ താമസ സ്ഥലത്ത് ഡോ. ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാവിലെ ഷഹന റുവൈസിന് വാട്‌സ്ആപ്പിലൂടെ മെസേജ് അയച്ചിരുന്നു. പക്ഷേ ആ മെസേജ് കിട്ടിയ റുവൈസ് അപ്പോൾതന്നെ ഷഹനയെ വാട്‌സ് ആപ്പിൽ ബ്ലോക്ക് ആക്കുകയും ചെയ്‌തു എന്നാണ് പൊലീസ് പറഞ്ഞത്.
പൊലീസ് റുവൈസിനെ അറസ്‌റ്റ് ചെയ്യുന്നതിന്‍റെ തൊട്ടു മുൻപ് ഇയാൾ തന്‍റെ ഫോണിൽ നിന്ന് സന്ദേശത്തിന്‍റെ വിവരങ്ങൾ എല്ലാം ഇല്ലാതാക്കിയിരുന്നു. പ്രതിക്കെതിരെ പെൺകുട്ടിയുടെ മാതാവിന്‍റെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പടുത്തി. റുവൈസ് കൊല്ലം കാരുകുളങ്ങര സ്വദേശിയാണ്.
ഡിസംബർ 6 ന് പുലർച്ചെയാണ് റുവൈസിനെ കരുനാഗപള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also read :"സ്ത്രീധന മോഹം കാരണം എന്‍റെ ജീവിതം അവസാനിക്കുകയാണ്", മെസേജുകള്‍ തെളിവാകും