എറണാകുളം: യു.എ.ഇ കോൺസുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റായിരുന്ന ഖാലിദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയുടെ അനുമതി തേടി കസ്റ്റംസ് ഹര്‍ജി സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃതങ്ങൾക്കായുള്ള എറണാകുളം എ.സി.ജെ.എം കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് ജാമ്യമില്ലാ വാറണ്ടിനുള്ള അപേക്ഷ നൽകിയത്. ഖാലിദ് 3.8 കോടി വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കേസ്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായതിനാൽ ഖാലിദിന് നയതന്ത്ര പരിരക്ഷയുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 5 ലേക്ക് മാറ്റുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷ്, സരിത്ത് എന്നിവരാണ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ മറ്റു പ്രതികൾ. ഈജിപ്ഷ്യൻ പൗരൻ ഖാലിദുമായി ചേർന്നാണ് ഡോളർ കടത്തിയതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഫെമനിയമപ്രകാരം സ്വപ്ന സരിത്ത് എന്നിവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ ആവശ്യപ്രകാരം കമ്മീഷൻ നൽകാൻ ഡോളർ കരിഞ്ചന്തയിൽ വാങ്ങിയെന്ന് യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എൻഫോഴ്‌സ്‌മെന്‍റിന് മൊഴി നൽകിയിരുന്നു. യു എ ഇ കോൺസുലേറ്റിലെ ഫിനാൻസ് ഓഫിസർ ഖാലിദിന് നൽകാൻ മൂന്ന് ലക്ഷം ഡോളർ എറണാകുളത്ത് നിന്നും, ഒരു ലക്ഷം ഡോളർ തിരുവനന്തപുരത്ത് നിന്നുമാണ് കരിഞ്ചന്തയിൽ വാങ്ങിയത്. കമ്മീഷനായി ഇന്ത്യൻ രൂപ വേണ്ടെന്നും ഡോളറായി തന്നെ നൽകണമെന്നും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് ആവശ്യപ്പെട്ടപ്പോഴാണ് കരിഞ്ചന്തയിൽ നിന്ന് വാങ്ങിയതെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തൽ.