എറണാകുളം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. കരിങ്ങഴ ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ രക്ഷിതാക്കൾക്ക് കിറ്റുകൾ കൈമാറി. എംഎൽഎ ആന്‍റണി ജോൺ ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. അരി, ചെറുപയർ, കടല, തുവര, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നിങ്ങനെ പത്ത് ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് വിതരണം ചെയ്യുന്നത്. 16424 കുട്ടികൾക്കാണ് കോതമംഗലം താലൂക്കിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്.
സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങൾ, പി ടി എ അംഗങ്ങൾ, എസ് എം സി അംഗങ്ങൾ, മദർ പി ടി എ അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ രക്ഷിതാക്കൾ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാനാണ് തീരുമാനം. ഭക്ഷ്യ കിറ്റുകളുടെ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ വാർഡ് കൗൺസിലർ സിന്ധു ജിജോ, വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ ജാൻസി മാത്യൂ, എഇഒ പി എൻ അനിത എന്നിവർ പങ്കെടുത്തു.