കൊച്ചി: ഷെയ്‌ൻ നിഗമിനെ നിർമ്മാതാക്കൾ വിലക്കിയ വിഷയത്തിൽ അടുത്ത 'അമ്മ' യോഗത്തിന് ശേഷമേ ചർച്ചയുള്ളൂവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഷെയ്‌ൻ അഭിനയിച്ച രണ്ട് പുതുമുഖ സംവിധായകരുടെ സിനിമകൾ പൂർത്തിയാക്കണം എന്നതാണ് ഫെഫ്‌കയുടെ നിലപാട്. അതിനു വേണ്ടിയുള്ള ശ്രമം നടത്തിയിരുന്നു. അമ്മയുടെ ഭാരവാഹികളെ നേരിൽ കണ്ട് ചർച്ച നടത്തി. സംവിധായകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരുമായും സംസാരിച്ചു. മുടങ്ങിയ ഈ സിനിമകൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമം തയ്യാറാക്കുന്നതിനിടയിലാണ് ഷെയ്‌ൻ തിരുവനന്തപുരത്ത് വിവാദ പ്രസ്താവനകൾ നടത്തിയത്. ഇതോടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ സിനിമാസംഘടനകൾ നിർത്തിയതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വിവാദ പരാമർശത്തെ തുടർന്ന് ഷെയ്‌നുമായി ഉടൻ ചർച്ചക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുകയാണ്. അവരുടെ തീരുമാനം അംഗീകരിച്ചാണ് ചർച്ചകൾ നിർത്തിയത്. പ്രസിഡന്റ് മോഹൻലാൽ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം അമ്മ എക്സിക്യൂട്ടീവ് ചേർന്ന് തീരുമാനമെടുത്ത് പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ച തുടരുമെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.