എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല.
Also Read: നമ്പർ 18 ഹോട്ടലിലെ പീഡനം; റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവെന്ന് ഡി.സി.പി
കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വധ ഗൂഢാലോചനക്കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കറ്റ് ബി.രാമൻ പിള്ള മുഖേനയാണ് ഹർജി നൽകിയത്. ദിലീപിന്റെ ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.