എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിയ്ക്കുന്നു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരായെന്ന് കോടതി നിരീക്ഷിച്ചു. വാക്കാൽ പറയുകയല്ല ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്ക് ദിലീപിനോട് വ്യക്തി വൈരാഗ്യമാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. കള്ളക്കേസിൽ കുടുക്കിയവരെ കണ്ടപ്പോൾ ഇവർ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ഇത് ശാപ വാക്കുകൾ മാത്രമാണ്.
'ബാലചന്ദ്രകുമാറിൻ്റെ പരാതിക്ക് പിന്നിൽ പൊലീസ്'
ദൃശ്യങ്ങൾ കണ്ടപ്പോൾ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണമാണ്. ഇത് എങ്ങനെ ഗൂഢാലോചനയാകും. പ്രധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണയെ ഭയക്കുന്നു. ബാലചന്ദ്രകുമാറിൻ്റെ പരാതിക്ക് പിന്നിൽ പൊലീസ് ആണ്. ബാലചന്ദ്രകുമാറിനെ കൊണ്ട് ചാനൽ മുമ്പാകെ വെളിപ്പെടുത്തൽ നടത്തിക്കുകയായിരുന്നു.വിചാരണയുടെ അവസാന ദിവസം ഇത്തരമൊരു കള്ളക്കഥ ഉണ്ടാക്കിയത് കേസെടുക്കാൻ വേണ്ടി മാത്രമെന്നും പ്രതിഭാഗം വാദിച്ചു.
അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ ഹാജരാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സാക്ഷികളെ വളയുകയാണ്. ദിലീപ് എല്ലാ അടവുകളും പയറ്റുന്നു. ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിൻ്റെ ആളുകൾ ശ്രമിച്ചു. അതിന് ഡിജിറ്റൽ തെളിവുണ്ട്. ഭീഷണി പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ്. അത് ശപിക്കൽ മാത്രമായി കാണാനാവില്ല.
'കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാവും'
ഗൂഢാലോചനയുടെ ആഴം കണ്ടെത്തേണ്ടതുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയും ഉണ്ടായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ദിലീപിനെയടക്കം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ഗൗരവതരമായ ആരോപണമെന്ന് കോടതി നിരീക്ഷിച്ചു. കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി.
ഇന്നത്തെ അവസാനത്തെ കേസായാണ് കോടതി പരിഗണിച്ചത്. പ്രോസിക്യൂഷൻ, മുദ്ര വച്ച കവറിൽ ബാലചന്ദ്രകുമാറിൻ്റെ മൊഴി ഹാജരാക്കി. കൊലപാതകശ്രമം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ പ്രോസിക്യൂഷന്‍റെ വിശദീകരണം വേണം. 1962 ലെ സുപ്രീം കോടതിയിലെ വിധിയുടെ പശ്ചാത്തയത്തിലാണ് കോടതി വിശദീകരണം തേടിയത്. 1988ലെ കേഹാർ സിങ് കേസിൽ കൂടിയിരുന്നുള്ള ആലോചന മാത്രം കൊണ്ട് കൊലപാതക ശ്രമക്കുറ്റം നിലനിൽക്കില്ലന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്ന് കോടതി ഇന്ന് വ്യക്തമാക്കുകയുണ്ടായി.
'മറ്റ് കാര്യങ്ങൾ' കൂടി ഉണ്ടെന്ന് പ്രോസിക്യൂഷൻ
കൂടിയിരുന്നുള്ള ആലോചന മാത്രമല്ല മറ്റ് കാര്യങ്ങൾ കൂടി ഉണ്ടായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പൊലീസിന് കൂടുതൽ തെളിവ് കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. സുപ്രീം കോടതി വിധിയെക്കുറിച്ച് പൂർണ ബോധ്യത്തോടെയാണ് പൊലീസ് നീങ്ങുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ലഭ്യമായ കൂടുതൽ തെളിവുകൾ പരസ്യമായി പറയാൻ കഴിയില്ല. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ കേസുകൾ കോടതി ഓൺലൈനായാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഈ കേസിൽ നേരിട്ട് വാദം കേൾക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
പ്രതിഭാഗവും, പ്രോസിക്യൂഷനും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ശക്തമായി എതിർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ദിലീപിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.
ALSO READ: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം; 239 തടവുകാര്‍ക്ക് കൊവിഡ്