എറണാകുളം : മൂവാറ്റുപുഴയിൽ പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. ഇതുവരെ പ്രദേശത്ത് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പടർന്ന് പിടിക്കാൻ തുടങ്ങിയത്. സമീപ പഞ്ചായത്തുകളായ വാരപ്പെട്ടി, ആയവന പഞ്ചായത്തുകളിലെല്ലാം തന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്രയില്‍ ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിലടക്കം 54 പേരാണ് ചികിത്സയിലുള്ളത്. നിരവധിയാളുകള്‍ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയിന്നുണ്ട്. മുടവൂര്‍, പേഴയ്ക്കാപ്പിള്ളി, നിരപ്പ്, ഈസ്റ്റ് വാഴപ്പിള്ളി, തട്ടുപറമ്പ് പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പഞ്ചായത്തില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ എല്‍ദോ എബ്രഹാം എംഎല്‍എ യുടെ അധ്യക്ഷതയില്‍ പായിപ്രയില്‍ ഉന്നതതല യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രദേശത്തെ ഓടകള്‍ ശുചീകരിക്കുന്നതിന് അതാത് വകുപ്പ് മേധവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ട് ദിവസം പ്രദേശത്ത് ഡെങ്കിപ്പനിക്കെതിരെയുള്ള പ്രചരണം നടത്താന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഉറവിട മാലിന്യ സംസ്‌കരണ ക്യാമ്പയിന്‍ നടത്താനും ആവശ്യമായ ഘട്ടങ്ങളിൽ പ്രദേശങ്ങളിൽ ഫോഗിംഗ് നടത്താനും തീരുമാനമായി. വീടുകൾകയറി ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണവും നടത്തുന്നുണ്ട്.
2017ല്‍ പായിപ്ര പഞ്ചായത്തില്‍ 300 പേര്‍ക്കാണ് ഡെങ്കിപ്പനി പിടികൂടിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു . മാലിന്യ സംസ്‌കരണമില്ലാത്തതിനാല്‍ പഞ്ചായത്തിലെ പൊതുനിരത്തുകളടക്കം മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്.