എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ മർദനമേറ്റതിനെ തുടര്‍ന്ന് ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ ദീപു (38) മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ട്വന്‍റി ട്വന്‍റി ജനപ്രതിനിധികള്‍. മര്‍ദിച്ച സമയത്ത് പ്രതികള്‍ തങ്ങള്‍ സി.പി.എമ്മുകാരാണെന്നും തങ്ങളാണ് മർദ്ദിച്ചതെന്നും പറഞ്ഞിരുന്നതായി ട്വന്‍റി ട്വന്‍റി വാർഡ് മെമ്പർ നിഷ അലിയാർ ആരോപിച്ചു.
'പ്രതികളെ രക്ഷപ്പെടുത്താനാണ് മരിച്ച ദീപു കരൾ രോഗിയാണെന്ന് എം.എൽ.എ പി.വി ശ്രീനിജൻ പറയുന്നത്. ദീപുവിന് മർദനമേറ്റ സമയത്ത് എം.എൽ.എ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്നു. അവിടെ നിന്നും മർദിക്കാൻ ആളെ വിടുകയായിരുന്നു. സി.പി.എം പ്രവർത്തകരിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടന്നും നിഷ അലിയാർ പറഞ്ഞു'.
പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന് ട്വന്‍റി ട്വന്‍റി
ദീപുവിനെ പട്ടിയെ പോലെ തല്ലികൊല്ലുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു കെ.വി ആരോപിച്ചു. ദീപുവിന്‍റെ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എം.എൽ.എയെ കിഴക്കമ്പലത്ത് കാലുകുത്താൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന ആവശ്യവും ട്വന്‍റി ട്വന്‍റി ഉന്നയിച്ചിട്ടുണ്ട്.
കിഴക്കമ്പലത്തെ വിളക്കണക്കൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ദീപു ഇന്ന് ഉച്ചയ്ക്ക് 12:05 ഓടെയാണ് മരണപ്പെട്ടത്. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ അബ്‌ദുൽ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മർദനമേറ്റ ദീപുവിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിരുന്നു.
ALSO READ: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപു മരിച്ചു
വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്ന ദീപുവിന്‍റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എം.എൽ.എ പി.വി ശ്രീനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച്, ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു മരിച്ച ദീപു.