എറണാകുളം: ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തതോടെ കലാരംഗത്തുള്ള ചിലർ അസ്വസ്ഥരാണെന്ന് കലാഭവൻ സോബി ജോർജ്. എറാണാകുളത്തുള്ള ചില കലാകാരൻമാര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. സിബിഐക്ക് മൊഴി നൽകാൻ താൻ ഉണ്ടാവില്ലെന്നാണ് പുതിയ ഭീഷണിയെന്നും സോബി ജോർജ്ജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് പിൻമാറിയാൽ, പറയുന്നതെന്തും ചെയ്ത് തരാമെന്ന വാഗ്ദാനവുമായാണ് കോതമംഗലം സ്വദേശിനി ദൂതൻമാർ മുഖേന സമീപിച്ചത്. ഇവർ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. വാഗ്ദാനങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറല്ലെന്ന് മനസ്സിലായതോടെയാണ് ഭീഷണി തുടങ്ങിയത്. ഈ കേസ് തെളിയരുതെന്ന് ആഗ്രഹിക്കുന്ന പലരും തനിക്ക് പിന്നാലെയുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് മുതലാണ് ഫോണിൽ ഭീഷണി തുടങ്ങിയത്. ഒരോ തവണയും കോൾ റെക്കോർഡ് ഉൾപ്പടെ നൽകി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പക്ഷെ പൊലീസ് തന്‍റെ പരാതി ഗൗരവമായി എടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ഡി.ആർ.ഐക്ക് മൊഴി നൽകും. സിബിഐ ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും കലാഭവന്‍ സോബി പറഞ്ഞു.
ഒരു കാരണവശാലും കേസില്‍ നിന്ന് പിന്മാറില്ലെന്നും സോബി വ്യക്തമാക്കി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കോതമംഗലം സ്വദേശിനിയായിരിക്കും ഉത്തരവാദി. അവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇന്ത്യകണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് ബാലഭാസ്‌കറിന്‍റേതെന്ന് സോബി ആവര്‍ത്തിച്ചു.