എറണാകുളം: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിയായ നഴ്‌സ് അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. ബ്രിട്ടനിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
തോമസ് ചാഴികാടൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും വിമാനത്താവളത്തിലെത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അഞ്ജുവിന്‍റെ സഹപ്രവർത്തകനായ മനോജ് മാത്യുവാണ് മൃതദേഹത്തെ അനുഗമിച്ചത്.
എന്തിനുവേണ്ടിയാണ് സാജു, മകളെയും മക്കളെയും കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്ന് അച്ഛൻ അശോകൻ പ്രതികരിച്ചു. സാജുവിന് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ പതിനാറിനായിരുന്നു അഞ്ജുവിനെയും മക്കളെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദാരുണമായ കൊലപാതകം: യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശി അഞ്ജു (40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാജു അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തില്‍ കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ (52) പൊലീസ് അറസ്റ്റ് ചെയ്‌തു.
അഞ്ജു ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്. വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോൾ അഞ്ജു മരിച്ച നിലയിലായിരുന്നു.
തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടികൾ. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പത്ത് വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന വേളയിലാണ് അഞ്ജുവും സാജുവും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയെങ്കിലും ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോവുകയായിരുന്നു. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഭർത്താവ് സാജു ഡ്രൈവറായാണ് ജോലി ചെയ്‌തിരുന്നത്.
സാജു ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നെന്ന് അഞ്ജുവിന്‍റെ പിതാവ് അശോകൻ പറഞ്ഞിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകള്‍ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. എന്നാല്‍, ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകന്‍ പറഞ്ഞു.