കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കൊച്ചിയിൽ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്താനുള്ള വിവിധ പരിപാടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മത്സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനവും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്‍റ് സിസ്റ്റം വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
ഓഖി ദുരന്ത സമയത്ത് കടലിൽ പോയ മത്സ്യത്തൊഴിലാളികളുടെ എണ്ണം കൃത്യമായി അറിയാത്ത അവസ്ഥയുണ്ടായി. ജനങ്ങളുടെ ആശങ്കയകറ്റാൻ അന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദ വിവരം ശേഖരിച്ച് വിവര സഞ്ചയം സൃഷ്ടിക്കുകയും അവ മേഖലയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ സമയബന്ധിതവും സുതാര്യവുമായി നടപ്പാക്കാനും മത്സ്യ ബന്ധന മേഖലയിലെ എല്ലാ പദ്ധതികൾക്കും ഉപയോഗിക്കാനും വിവര ശേഖരണം സഹായകമാകും. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്‍റ് സിസ്റ്റം (എഫ്ഐഎംഎസ്) എന്ന ഓൺലൈൻ വെബ് സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്. എറണാകുളത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എസ് ശർമ എംഎൽഎ അധ്യക്ഷത വഹിച്ചു.