എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഡ്വ.എസ് ദിവ്യയെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗിമിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി ഹാജരാകാനാണ് കസ്റ്റംസ് ദിവ്യക്ക് നല്‍കിയിരിക്കുന്ന നിർദേശം.
കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഉൾപ്പെടെയുള്ളവരുടെ ഫോൺ കോൾ വിവരങ്ങൾ അടിസ്ഥാനമാക്കി കസ്റ്റംസ് നടത്തിയ അന്വേണത്തിന്‍റെ തുടർച്ചയായാണ് അഭിഭാഷകയേയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവും വിവരങ്ങൾ തേടി കസ്റ്റംസ് ഓഫീസിലെത്തി. സ്വർണക്കടത്ത് - ഡോളർ കടത്തുകളിൽ പങ്കാളിത്തമുള്ളതായി കണ്ടെത്തിയ ആളുകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.