എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അർജുന്‍റെ സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് ആദ്യ തവണ അവർ കസ്റ്റംസിന് മൊഴി നൽകിയത്.
അർജുന്‍റെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ലഭിച്ച ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ അമലയിൽ നിന്നും വ്യക്തത തേടും. നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യം സംബന്ധിച്ചം, ഡിജിറ്റൽ തെളിവുകളിൽ വ്യക്തത വരുത്തുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം. പ്രത്യക്ഷമായ വരുമാന സ്രോതസുകളില്ലാത്ത അർജുൻ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്.
കൂടുതല്‍ വായനക്ക്:- കസ്റ്റംസിന് വീണ്ടും തിരിച്ചടി; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം കോടതി തള്ളി
ഭാര്യവീട്ടുകാരാണ് സാമ്പത്തിക സഹായം നൽകിയതെന്നായിരുന്നു അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. വീട് നിർമാണത്തിന് ഭാര്യയുടെ അമ്മ സാമ്പത്തിക സഹായം നൽകിയതായും അർജുൻ കസ്റ്റംസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരായ മൊഴിയാണ് അമല കസ്റ്റംസിന് നൽകിയത്.
തന്‍റെ അമ്മ ഭർത്താവിന് സഹായം നൽകിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. അർജുൻ ആയങ്കിയും ഭാര്യ അമലയും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. അർജുൻ ആയങ്കി സ്വർണക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന കാര്യം അറിയില്ലന്ന അമലയുടെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കൂടുതല്‍ വായനക്ക്:- ആയങ്കിയുമായി കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളില്‍ കസ്റ്റംസ്