കൊച്ചി : മഴയല്ല, കുസാറ്റിലെ അപകടത്തിലേക്ക് നയിച്ചത് സുരക്ഷാവീഴ്ചയെന്ന് നാട്ടുകാർ. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാജീവനക്കാരോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. സംഘാടകരായ വിദ്യാർഥികൾക്കും, കുസാറ്റ് അധികൃതർക്കും വീഴ്ച പറ്റിയെന്നും നാട്ടുകാർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
കലോത്സവത്തോട് അനുബന്ധിച്ച് എല്ലാവർഷവും കുസാറ്റിൽ സംഘർഷമുണ്ടാകാറുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതായിരുന്നു. എന്നാൽ കുസാറ്റ് അധികൃതർ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ കാലങ്ങളിൽ കലോത്സവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വൈസ് ചാൻസലർ യോഗം വിളിച്ച് ഒതുക്കി തീർക്കുകയായിരുന്നുവെന്ന് നാട്ടുകാരനായ ഹുസൈൻ ആരോപിച്ചു. നാട്ടുകാരായ തങ്ങൾ പലപ്പോഴും കുസാറ്റിലെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാറുണ്ട്. എന്നാൽ നടപടികളൊന്നും സ്വീകരിക്കാറില്ല. കുസാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെക് ഫെസ്റ്റിനായി സുരക്ഷാമാനദണ്ഡങ്ങൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്ന് പൊതുപ്രവർത്തകനായ ജബ്ബാർ പറഞ്ഞു.
അപകട സാധ്യതയുള്ളതാണ് കുസാറ്റിലെ ഓഡിറ്റോറിയം, ചെറിയ തിരക്ക് ഉണ്ടായാൽ പോലും അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. ഇത്തരം പരിപാടികൾ നടത്തുമ്പോൾ പോലീസിനെ വിവരമറിയിക്കണം. കോളജ് വിദ്യാർഥികൾ മാത്രമല്ല പുറത്തുനിന്നുള്ള ആളുകളും പരിപാടിക്കെത്തിയിരുന്നു. കുസാറ്റ് അധികൃതർക്ക് വൻ വീഴ്ചയാണ് സംഭവിച്ചതെന്നും ജബ്ബാർ കുറ്റപ്പെടുത്തി.
Read more : കുസാറ്റ് ദുരന്തം : തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍
കുസാറ്റിലെ ജീവനക്കാരനും ഒരു വിദ്യാർഥിയുടെ രക്ഷിതാവും കൂടിയായ ലത്തീഫിന്‍റെ പരിഭ്രാന്തി ഇപ്പോഴും മാറിയിട്ടില്ല. നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം തന്നെയാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.