എറണാകുളം : മോൻസണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ക്രൈം ബ്രാഞ്ച്. ജൂണ്‍ 23ന് ഹാജരാകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരൻ ക്രൈംബ്രാഞ്ചിനോട് സാവകാശം തേടിയിരുന്നു.
ഈ മാസം 23ന് ഹാജരാകാമെന്നാണ് കെ സുധാകരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് സാവകാശം അനുവദിക്കുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടിസ് നൽകിയിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സാവകാശം തേടുമെന്നും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗൂഢാലോചനയെന്ന് സുധാകരൻ : തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമാണ് സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ തട്ടിപ്പ് കേസുകൾ പൊതുമധ്യത്തിൽ വലിച്ച് കീറുമെന്നും സുധാകരൻ വ്യക്‌തമാക്കിയിരുന്നു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് സി.ആർ.പി.സി 41(എ) പ്രകാരമാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം കൈമാറിയ ദിവസം മോൻസണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്.
10 ലക്ഷം വാങ്ങിയെന്ന് പരാതിക്കാരൻ : 2018 നവംബര്‍ 22 നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍ വച്ച് കൈമാറിയത്. പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാൽ കെ സുധാകരൻ ഇത് നിഷേധിച്ചിട്ടുണ്ട്.
മോന്‍സണില്‍ നിന്നും സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷിയാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇവയുടെ ഡിജിറ്റല്‍ തെളിവുകളാണ് യഥാര്‍ഥ ഡിവൈസില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചത്. സുധാകരനെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്.
25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മോന്‍സന്‍റെ വാഗ്‌ദാനം. എന്നാല്‍ അനൂപില്‍ നിന്നും പണം കൈപ്പറ്റിയ മോന്‍സന്‍ 10 ലക്ഷം രൂപ മാത്രമാണ് സുധാകരന് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മോൻസണ്‍ മാവുങ്കലുമായി കെ സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് മോൻസനെതിരായ പരാതിക്കാരായിരുന്നു ആരോപണമുന്നയിച്ചത്.
മോന്‍സന് പണം നൽകുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിക്കാർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഫെമ പ്രകാരം തടഞ്ഞു വച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ് സുധാകരൻ മോൻസണെ സഹായിച്ചുവെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചു.
ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് മോൻസണെതിരെയുള്ള കേസ്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉൾപ്പടെയുള്ള പല പ്രമുഖരെയും പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. ഈ ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
രാഷ്‌ട്രീയ ആയുധമാക്കാൻ കോണ്‍ഗ്രസ് : അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുത്തത് രാഷ്ട്രീയമായും, നിയമപരമായും നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം.