എറണാകുളം: മോൻസണ്‍ മാവുങ്കലിനെതിരായ പോക്സോ കേസിൽ വൈദ്യപരിശോധന നടത്തിയ ഡോക്ടർമാർക്കെതിരെ ഇരയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരാണ് പ്രതികൾ. വൈദ്യ പരിശോധനയ്ക്കിടെ പൂട്ടിയിട്ടുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കൂടുതൽ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മെഡിക്കൽ കോളജിൽ എത്തും. മോൻസനെതിരായ കേസ് അട്ടിമറിയ്ക്കാൻ ഡോക്ടർമാർ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചത്. മോൻസന് അനുകൂലമായി ഡോക്ടർമാർ സംസാരിച്ചുവെന്നാണ് പെൺകുട്ടി പരാതിപെട്ടത്. ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന്പെൺകുട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപെടുകയായിരുന്നു.
Also Read: വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന കാരണത്താൽ പൊലീസ് കേസെടുത്തിരുന്നില്ല. അതേസമയം ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. സ്വാഭാവിക കാര്യങ്ങളാണ് ചോദിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടപടികളിലേക്ക് കടക്കുകയായിരുന്നു.