എറണാകുളം: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും പിണറായി പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തിനാണ് ഈ പതാകയെന്ന് പണ്ട് പലരും ചോദിച്ചതാണ്. ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്നത് അത്തരം ആളുകളും ശക്തികളും മനസിലാക്കുന്നത് നല്ലതാണ്, പിണറായി പറഞ്ഞു.
ഇത് ജനങ്ങളുടെ പാർട്ടിയാണ്. എറണാകുളത്തെ പ്രസ്ഥാനം എത്രമാത്രം ഐക്യത്തോടെയാണ് നീങ്ങുന്നത് എന്നതിന്‍റെ തെളിവാണ് സമ്മേളന നടത്തിപ്പിലെ മികവ് വ്യക്തമാക്കുന്നത്. എറണാകുളത്ത് പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താൻ ചിലർ ശ്രമിച്ചു. എന്നാൽ പ്രസ്ഥാനത്തെ തകർക്കാൻ നോക്കിയവരുടെ ഉപദേശം വേണ്ട, പിശകുകൾ തിരുത്തുന്നതിന് ഞങ്ങളുടേതായ വഴിയുണ്ടന്നും പിണാറായി പറഞ്ഞു. എതിരാളികൾക്ക് സഹിക്കാൻ കഴിയാത്ത മുന്നേറ്റമാണ് പാർട്ടിക്കുണ്ടായത്. ഇത് രാജ്യത്ത് ആകെയുള്ള പാർട്ടിക്ക് അഭിമാനിക്കാൻ കഴിയുന്നതാണെന്നും പിണറായി ചൂണ്ടിക്കാണിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം
'വികസിത കേരളം' സൃഷ്‌ടിക്കുകയാണ് സിപിഎമ്മിന്‍റെയും സർക്കാരിന്‍റെയും ലക്ഷ്യം. സമ്മേളനം അംഗീകരിച്ച നയരേഖ ചരിത്രമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപമകാമെന്ന സിപിഎം നയം കാലാനുസൃതമായ മാറ്റമാണ്. യുക്രൈനിലടക്കം മലയാളി വിദ്യാർഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകേണ്ടി വരുന്നത് ഇവിടെ സൗകര്യങ്ങളില്ലാത്തതിനാലാണ്. പാർട്ടിയുടെ നയപരമായ മാറ്റം ലോകോത്തര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്നും. ഇതിന്‍റെ പേരിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെത് വികസനം തടയുന്ന സമീപനം
2016ന് മുൻപ് വരെ കേരളത്തിലെ പൊതു വിദ്യാഭ്യാസം തകർച്ചയിലായിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് വലിയ മുന്നേറ്റമുണ്ടാക്കാനായി. ആത്മവിശ്വാസം നേടുന്ന വളർച്ച കൈവരിക്കാനായി. കേന്ദ്രത്തിന് കേരളത്തോട് വിപ്രതിപത്തിയാണന്നും പിണറായി പറഞ്ഞു. എയിംസ് സ്ഥാപിക്കുന്ന കാര്യത്തിലടക്കം ഇത് പ്രകടമാണ്. കേരളത്തിൻ്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇവിടെ ഉയർന്ന് വരണം. മഹാമാരിക്ക് മുന്നിൽ വികസിത രാജ്യങ്ങൾ വരെ വിറങ്ങലിച്ച് നിന്നപ്പോൾ കേരളം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ വികസന നയരേഖ എൽഡിഎഫിൽ ചർച്ച ചെയ്യും, പിന്നീട് പൂർണമായ തോതിൽ നയരേഖ നാടിന് മുന്നിൽ സമർപ്പിക്കുന്നതോടെ അത് ജനങ്ങളുടെ രേഖയായി മാറും.
കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
ബിജെപിയോടൊപ്പം ചേർന്ന് കേരളത്തിലെ പ്രതിപക്ഷം നാടിൻ്റെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ്. കെ-റെയിൽ നാടിൻ്റെ വികസനത്തിന് അനിവാര്യമാണ്.നാടിനെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരാണ് കെ-റെയിലിനെ എതിർക്കുന്നത്. നാടിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താനാണ് സർക്കാർ ചുമതലപ്പെട്ടിരിക്കുന്നത്. ജനങ്ങളോടൊപ്പം നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും.
ജനതാല്‌പര്യം സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയെന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവഗണിച്ച് വൻ ജനാവലിയാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും മൂന്നാമതും സെക്രട്ടറിയായി തെരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്‌ണനെയും ഹർഷാരവത്തോടെയാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. സിപിഎമ്മിന്‍റെ സംഘടന സംവിധാനത്തിന്‍റെ മികവ് വിളിച്ചോതുന്ന രീതിയിലായിരുന്നു നാല് ദിവസത്തെ സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചത്.