എറണാകുളം: എറണാകുളം ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സിപിഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ എന്നിവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് അനുമതിയില്ലാതെയാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഡിഐജി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. സിപിഐ പ്രവര്‍ത്തകര്‍ പൊലീസിനെ കല്ലുകളും കുറുവടികളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ബാരിക്കേഡുകള്‍ തള്ളിയിട്ട് പൊലീസുകാരെ പരിക്കേല്‍പ്പിച്ചു. നൂറോളം പ്രവര്‍ത്തകരാണ് അക്രമാസക്തരായത്. സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസ്, എസിപി കെ ലാല്‍ജി എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും എഫ്ഐആറില്‍ പറയുന്നു.
പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, മാര്‍ഗ്ഗതടസം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയത്. സംസ്ഥാന നേതാക്കള്‍ ഉൾപ്പടെ 10 പേർക്ക് എതിരെയാണ് കേസ് എടുത്തത്. ഇനിയും 800 പേരെ തിരിച്ചറിയാന്‍ ഉണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. പൊലീസ് നടപടി സംബന്ധിച്ച് ജില്ലാകലക്ടര്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. കലക്ടറുടെ റിപ്പോര്‍ട്ട് അനുകൂലം ആകുമെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഞാറക്കല്‍ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.