എറണാകുളം: ലക്ഷദ്വീപിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 3000 ത്തിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1016 പേർ ചികിത്സയിലാണ്. കൊച്ചിയിലേക്ക് രോഗികളെ എത്തിക്കാനാവാത്തതിനാൽ ദ്വീപുകാർ ആശങ്കയിലാണ്.
കൂടുതല്‍ വായനയ്ക്ക്: അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കൊവിഡ് ചികിത്സാകേന്ദ്രം
ആദ്യ ഘട്ടങ്ങളിലൊന്നും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ നാല് മാസത്തിനിടെ 3000 ത്തിൽ അധികം പേർക്ക് രോഗം ബാധിച്ചു. 1016 പേർ ചികിത്സയിലാണ്. ഇന്നലെ 124 പേരാണ് കൊവിഡ് പോസിറ്റീവായിട്ടുള്ളത്. നിലവില്‍ കവരത്തിയിൽ മാത്രമാണ് ദ്വീപിൽ കൊവിഡ് ആശുപത്രിയുള്ളത്.
ഇവിടെയുള്ളത് 50 ബെഡുകൾ മാത്രമാണ്. ഗുരുതര രോഗികളെ കൂടുതലും മറ്റുദീപുകളിൽ നിന്നും അഗത്തിയിലേക്കാണ് മാറ്റുന്നത്. രോഗം ഗുരുതരമായവരെ നിലവിലെ സാഹചര്യത്തിൽ കൊച്ചിയിലേക്ക് എത്തിക്കാന്‍ കഴിയില്ല. കൊച്ചിയിൽ നേവിയുടെ സഞ്ജീവനി ആശുപത്രിയിൽ എട്ടു ബെഡുകളാണ് ദ്വീപുകാർക്കായി മാറ്റി വെച്ചിട്ടുള്ളത്.
മറ്റു ആശുപത്രികളിലൊന്നും ഇത്തരം സൗകര്യമില്ലാത്തതും ദ്വീപുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അഗത്തിയിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് ഭരണകൂടം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദ്വീപ് ഭരണകൂടം. എല്ലാ ദ്വീപിലും രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്.