എറണാകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പൊലീസിന്‍റെ ആക്ഷൻ പ്ലാൻ തയ്യാറെന്ന് നോഡൽ ഓഫീസർ ഐ.ജി വിജയ് സാഖറെ. ത്രിതല തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും. പ്രൈമറി, സെക്കഡറി സമ്പർക്കത്തിലുള്ളവരുടെ ഹോം ക്വാറന്‍റൈയിൻ ശക്തമാക്കും. ഇവരിലൂടെയുള്ള രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് എസ്.പിമാർ മേൽനോട്ടം വഹിക്കും. പൊലീസിന്‍റെ അന്വേഷണ മികവ് ഈ കാര്യത്തിൽ ഉപയോഗപ്പെടുത്തുമെന്നും ഐ.ജി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെയും സമ്പർക്കത്തിലുള്ളവരുടെയും അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന കണ്ടെയിൻമെന്‍റ് സോണിൽ രോഗം പൂർണമായും പിടിച്ചു നിർത്താനുള്ള ശ്രമമാണ് നടത്തുക. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പൊലീസ് പ്രവർത്തിക്കുക. നിയന്ത്രിത മേഖലകളിൽ ഹോം ഡെലിവറി കൂടുതൽ പ്രോത്സാപ്പിക്കും. ഇതിനായി പൊലീസിന്‍റെ സഹായവും ആവശ്യപ്പെടും. ടെലിമെഡിസിൻ സംവിധാനങ്ങളുമായി ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നും ഐ.ജി വിജയ് സാഖറെ ആവശ്യപ്പെട്ടു.