എറണാകുളം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതിയ പൊസിറ്റീവ് കേസുകളില്ലെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ന് 55 പേരെകൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. 57 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനയ്ക്ക് അയച്ച 223 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. കൊച്ചി അന്തരാഷ്ട്ര ടെർമിനലിൽ ഇന്ന് മാത്രം 3135 പേരെ യൂണിവേഴ്‌സൽ സ്ക്രീനിംഗ് നടത്തി. ഇതിൽ 18 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ആഭ്യന്തര ടെർമിനലിൽ 3107 പേരെ പരിശോധിച്ചതിൽ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മാർച്ച് മൂന്നിന് ശേഷം 47, 146 പേരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. എറണാകുളം മെഡിക്കൽ കോളജ് കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൂടി ഐസോലേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഏഴ് പേരെയും കളമശ്ശേരി മെഡിക്കൽ കോളജിൽ ഒൻപത് പേരെയും ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രണ്ടിടത്തുമായി 37 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേ സമയം കളമശ്ശേരി ഐസൊലേഷൻ വാർഡിൽ നിന്ന് മൂന്ന് പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്‌തു . ജില്ലയിൽ ആകെ 443 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
വിമാനത്താവളത്തിൽ നിന്ന് രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി 108 ആമ്പുലൻസുകളുടെ സേവനം ജില്ലയിൽ ലഭ്യമാക്കി. ആലപ്പുഴ എൻ.ഐ.വിയിലേക്ക് ഇന്ന് അയച്ച 57 സാമ്പിളുകളിൽ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെയും മാതാപിതാക്കളുടെയും പുനഃപരിശോധനാ സാമ്പിളുകൾ ഉൾപ്പെടെയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുട ഭാഗമായാണ് മാർച്ച് 31 വരെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ചടങ്ങുകളും ഒത്തുചേരലുകളും നിയന്ത്രിക്കാനും തീരുമാനിച്ചു. അതിനാൽ അവധി ദിവസങ്ങളിൽ എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര പോകുന്നതും കൂട്ടം കൂടുന്നതും പരമാവധി ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ജില്ലാ കലക്ടർ എസ്. സുഹാസ് അഭ്യർത്ഥിച്ചു.