എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോവിഡ് 19 നിരീക്ഷണ സംവിധാനങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കൊച്ചി വിമാനത്താവളത്തിൽ പരിശോധന നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കൊറോണ ബാധിതരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് ഇപ്പോൾ വരുന്നില്ലെന്നും മറ്റു വിമാനങ്ങളിലെ യാത്രക്കാരെ നാല് തലത്തിലുള്ള പരിശോധനയ്ക്കാണ് വിധേയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ യാതൊരു വിധത്തിലുള്ള വിട്ട് വീഴ്‌ചയും നൽകില്ലെന്നും ശരാശരി ഒരു ദിവസം മൂവായിരം പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ബി. കാറ്റഗറിയിൽ വരുന്നവരെ നേരെ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. സി കാറ്റഗറിയിൽ വരുന്നവരെ പ്രത്യേക ആംബുലൻസിൽ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇറ്റലിയിൽ നിന്നും ശനിയാഴ്‌ച രാവിലെ വന്നവർ കൊച്ചിയിലെ മൂന്ന് ആശുപത്രികളിലായി നിരീക്ഷണത്തിലാണുള്ളത്. എത്ര ആളുകൾ വന്നാലും ഐസൊലേഷനിൽ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷനുകളിലും, സീ പോർട്ടിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർസംസ്ഥാന ബസുകൾക്ക് ജില്ലയിൽ ഒരു കേന്ദ്രത്തിൽ മാത്രമേ സ്റ്റോപ്പുകൾ അനുവദിക്കുകയുള്ളൂ. അവരെ അവിടെ വെച്ച് പരിശോധനകൾക്ക് വിധേയമാക്കുമെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. എറണാകുളം ഡി.എം.ഒ. കുട്ടപ്പൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തു.