എറണാകുളം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴിൽ മേഖല പ്രതിസന്ധിയില്‍. നിർമാണ മേഖല, മോട്ടോർ വാഹന മേഖല, ഹോട്ടൽ തൊഴിൽ മേഖലയുൾപ്പെടെയുള്ളവയെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എച്ച്എംഎസ് ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് ഗോപി പറഞ്ഞു.
മുൻകരുതല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതോടെ നഗരങ്ങൾ പലതും വിജനമാണ്. ഹോട്ടലുകൾ അടച്ച് പൂട്ടിയതോടെ ഹോട്ടല്‍ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലും. അതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയര്‍ക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും തൊഴിൽ ഗണ്യമായി കുറഞ്ഞു. നിർമാണമേഖലയിൽ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ജനം ഭീതിയോടെ കാണുന്ന അവസ്ഥയാണ്.
ജനങ്ങൾ യാത്രകൾ ഒഴിവാക്കിയത് മൂലം സ്വകാര്യ ബസുകളിൽ പലതും സർവീസ് നിർത്തി. ടൂറിസ്റ്റ് വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഓട്ടം ഇല്ലാതായി. ഇതുമൂലം ഈ മേഖലയിൽ പണിയെടുക്കുന്ന നൂറ് കണക്കിന് ഡ്രൈവർമാർക്ക് തൊഴിലില്ലാതായി.