തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവായിരുന്ന അനീഷ് വധക്കേസിൽ സഹോദരങ്ങളായ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി. രാജേഷ് കുമാർ, സുരേഷ് കുമാർ എന്നീ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക മരണപെട്ട അനീഷിന്‍റെ അമ്മ രമാമണിക്ക് നൽകാനും നിർദേശം.
മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷി സന്തോഷ് കുമാറിനെതിരെ ക്രിമിനൽ കേസ് എടുത്തു. തിരുവനന്തപുരം അതിവേഗ കോടതി (നാല്) ജഡ്‌ജി പ്രസൂൺ മോഹന്‍റേതാണ് ഉത്തരവ്. മൊത്തം അഞ്ചു പ്രതികൾ കേസിൽ ഉള്‍പെട്ടിട്ടുണ്ട്.
ഇതിൽ മൂന്നാം പ്രതി ഷിജു ഒളിവിലാണ്. നാലും അഞ്ചും പ്രതികളായ ജയകുമാർ, അജിത് കുമാർ എന്നീ പ്രതികളെ തെളിവുകളുടെ ആഭാവത്തിൽ വെറുതെ വിട്ടു. 2007 മാർച്ച് 18നാണ് കേസിനാസ്‌പദമായ സംഭവം.
ഇഎംഎസ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കായി പട്ടം മുറിഞ്ഞപാലത്ത് അലങ്കാര പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അനീഷിനെ രാജേഷ്‌കുമാർ, സുരേഷ്‌കുമാർ, ഷിജു എന്നിവർ ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ നാല് അഞ്ച് എന്നീ പ്രതികളെകുറിച്ചുള്ള വിവരമാണ് സന്തോഷ്‌കുമാർ രഹസ്യമൊഴിയായി നൽകിയത്. വിചാരണ സമയത്ത് ഇയാൾ ഇത് നിഷേധിച്ചു.
താൻ പറയാത്ത കാര്യങ്ങളാണ് മൊഴിയിലെന്ന് ഇയാൾ വാദിച്ചതോടെയാണ് കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയത്. മൂന്ന് ദൃക്‌സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണയ്‌ക്കിടെ മരണപ്പെട്ടു.
ആകെ 38 സാക്ഷികളിൽ 26 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 41 രേഖകളും,11 തൊണ്ടിസാധനങ്ങളും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. മുരുക്കുംപുഴ വിജയകുമാർ, അഡ്വ. എം എ ബിജോയ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.