എറണാകുളം: ഭീകര സംഘടനയായ ഐ.എസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തുവെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീൻ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്‌ച കൊച്ചിയിലെ എൻ.ഐ.എ കോടതി പ്രഖ്യാപിക്കും. ഈ കേസിൽ എൻ.ഐ.എ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 125, 120 ബി, യുഎപിഎ നിയമത്തിലെ 20, 38,39 വകുപ്പുകൾ ഈ കേസിൽ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് പരമാധി ശിക്ഷ തന്നെ നൽകണമെന്ന് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. സമാധാനത്തിൽ വിശ്വസിക്കുന്നയാളാണെന്നും രാജ്യത്തിനെതിരെ ഒന്നും ചെയ്‌തിട്ടില്ലന്നും പ്രതി കോടതിയിൽ പറഞ്ഞു. അതേസമയം അപൂർവമായ കേസിൽ ചുമത്തിയ പ്രധാന വകുപ്പുകൾ കോടതി അംഗീകരിച്ചത് ഏറെ സംതൃപ്‌തി നൽകുന്നതാണെന്ന് എൻ.ഐ.എയുടെ പ്രോസിക്യൂട്ടർ അർജുൻ പറഞ്ഞു.
ഭീകര സംഘടനയായ ഐ.എസിൽ ചേർന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഇറാഖിനെതിരെ യുദ്ധം ചെയ്‌ത കേസിലാണ് നാല് വർഷം മുമ്പ് സുബ്ഹാനിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്. തുർക്കി വഴി നിയമ വിരുദ്ധമായി ഇറാക്കിലേക്ക് പോവുകയും, മൊസൂളിൽ വെച്ച് യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്‌തുവെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് വിചാരണ ആരംഭിച്ചത്. ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 46 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. കനകമല തീവ്രവാദ കേസ് അന്വേഷണത്തിനിടെയാണ് സുബ്ഹാനി പിടിയിലായത്. തൊടുപുഴ സ്വദേശിയായ പ്രതി വർഷങ്ങളായി തമിഴ്‌നാട് തിരുനൽവേലിയിലാണ് താമസിച്ചിരുന്നത്.