എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി റജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. പ്രതിഭാഗം ഹാജരാകാത്തതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റിയത്.
ജനുവരി 22ന് ഹർജി വീണ്ടും പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ചത് നിയമപരമെല്ലന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ചാം പ്രതിയായ എം ശിവശങ്കർ കോടതിയെ സമീപിച്ചത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നത്. ശിവശങ്കറിന്‍റെ സ്വാഭാവിക ജാമ്യം തടയാൻ ,അറസ്റ്റ് ചെയ്‌ത് 60 ദിവസം പൂർത്തിയാകാനിരിക്കെയായിരുന്നു ഇഡി കുറ്റപത്രം നൽകിയത്.
ഈ കേസിൽ ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രം കൂടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമുള്ള കുറ്റമായിരുന്നു ശിവശങ്കറിനെതിരെ ചുമത്തിയത്. പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. ഇതേ കേസിൽ നേരത്തെ ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്‌ത് അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഈ കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യവും ലഭിച്ചിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവർക്കെതിരായ കുറ്റപത്രമായിരുന്നു ആദ്യഘട്ടത്തിൽ സമർപ്പിച്ചത്.