എറണാകുളം: കെ. സുധാകരൻ എംപി ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിൻ്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കോടതിയലക്ഷ്യമാണെന്ന ആരോപണം ഉയർന്നത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജി പരിഗണിച്ചാണ് അഡ്വക്കറ്റ് ജനറൽ അനുമതി നൽകിയത്.
2019 ഓഗസ്റ്റിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ. സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. കണ്ണൂരിലെ പൊതു യോഗത്തിലായിരുന്നു സുധാകരൻ്റെ വിവാദ പരാമർശം. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ. ജനാർദ്ദന ഷേണായി എജിയെ സമീപിച്ചത്.